ശംഭാല - ഹിമാലയത്തിലെ നിഗൂഢ സാമ്രാജ്യം
കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമൂഹ മാധ്യമങ്ങളിൽ ഹിമാലയത്തിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്വർഗ്ഗസമാനമായ അത്ഭുതരാജ്യത്തെ പറ്റി വളരെയധികം ചർച്ചകൾ നടന്നു വരുന്നു.
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏതാനും രാജ്യങ്ങളിലെ മതഗ്രന്ഥങ്ങളിൽ ഇതിനെ പറ്റി പരാമർശിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ സാങ്കൽപ്പിക രാജ്യത്തിന്റെ നിലനിൽപ്പ് യാഥാർത്ഥ്യമാണെന്ന് വിശ്വസിച്ച് പോരുകയും ചെയ്യുന്നു.
‘‘ശംഭാല’’ ലോകമെമ്പാടുമുള്ള ആളുകളുടെ സ്വപ്നഭൂമിയായി ചർച്ചകളിൽ തുടരുകയാണ്, കൂടാതെ നിരവധി പര്യവേക്ഷകർ ഈ രാജ്യം ഹിമാലയത്തിൽ കണ്ടെത്തുവാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഇപ്പോൾ ഹിമാലയൻ പർവതങ്ങളിൽ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാജ്യം അത്തരം ചില പര്യവേക്ഷകരും ആത്മീയ വ്യക്തിത്വങ്ങളും തങ്ങൾ അവിടം സന്ദർശിച്ചതായും അവകാശപ്പെട്ടിരുന്നു. എങ്കിലും നിർഭാഗ്യവശാൽ, ലോക ഭൂപടത്തിൽ ഈ രാജ്യം എവിടെയാണെന്ന് കൃത്യമായി നമുക്ക് കാണിച്ചു തരാൻ അവർക്കും സാധിച്ചില്ല.
ഇത്തരത്തിലുള്ള എല്ലാ കഥകൾക്കിടയിലും, അത്തരമൊരു രാജ്യത്തിന്റെ നിലനിൽപ്പ് ഇതുവരെ സാധൂകരിക്കപ്പെടാത്തപ്പോൾ, ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് തോന്നുമെങ്കിലും ഇന്നും ഈ കഥകൾ പ്രചരിച്ചു പോരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ഒരു സാങ്കൽപ്പിക ലോകത്തിനായി സമയം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് പലരും കരുതുന്നുവെങ്കിലും ഈ ലോകത്ത് ഇന്നും ചില നിഘൂഢമായ രഹസ്യങ്ങൾ നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന നമ്മൾ അതറിയാനും മനസിലാക്കാനും ആഗ്രഹിക്കുന്നു എന്നതാണ് സത്യം. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ശംഭാലയുമായി ബന്ധപ്പെട്ട ചില കഥകളും വിശ്വാസങ്ങളും ആണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്, സമീപഭാവിയിൽ എന്നെങ്കിലും ഇതിനു ഒരു വ്യക്തത വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ചില പുരാതന ഗ്രന്ഥങ്ങളിൽ ഇങ്ങനെ ഒരു പറുദീസയുടെ നിലനിൽപ്പിനെ പറ്റി വിവരിച്ചിരിക്കുന്നു. “ശാന്തിയുടെയും സമാധാനത്തിന്റെയും നാട് ” എന്നാണ് ശംഭാല എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രം ജീവിക്കാൻ കഴിയുന്ന ഒരു ദേശമാണിതെന്നും, സ്നേഹവും ജ്ഞാനവും വാഴുന്ന ഒരു സ്ഥലമാണെന്നും ആളുകൾ കഷ്ടപ്പാടുകൾ, ആഗ്രഹങ്ങൾ അല്ലെങ്കിൽ വാർദ്ധക്യം എന്നിവയിൽ നിന്ന് മുക്തമാകുന്ന സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു. വിലക്കപ്പെട്ട ഭൂമി, വൈറ്റ് വാട്ടേഴ്സിന്റെ നാട്, വികിരണ ആത്മാക്കളുടെ നാട്, ലിവിംഗ് ഫയർ, ലിവിംഗ് ഗോഡ്സ്, അത്ഭുതങ്ങളുടെ നാട് എന്നിങ്ങനെ ഈ സ്വർഗ്ഗ ഭൂമിക്കു വിളിപ്പേരുകൾ അനേകം!
മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി വിഷ്ണു പുരാണത്തിൽ ശംഭാല എന്ന ഗ്രാമത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം കലിയുഗത്തിന്റെ അവസാനത്തിൽ ജന്മമെടുക്കും എന്ന് വിശ്വസിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരമായ കൽക്കി, വിഷ്ണുശർമൻ സുമതി ദമ്പതികളുടെ മകനായിരിക്കും എന്നും ശംഭാല ഗ്രാമത്തിൽ ആയിരിക്കും ജനനം എന്നും പറയപ്പെടുന്നു.ചില ഗ്രന്ഥങ്ങളിൽ ശംഭാല രാജകുടുംബത്തിലെ രാജാവായി ആണ് കൽക്കിയുടെ ജനനം എന്നും പറയുന്നു. ഈ ലോകത്ത് നിലവിലുള്ള ദുഷ്ടശക്തികളെ നിഗ്രഹിച്ചു ലോകത്തെ പുനര്ജീവിപ്പിക്കാൻ ആണ് കൽക്കി അവതരിക്കുന്നതെന്നും വിശ്വസിക്കുന്നു. ശംഭാല എന്ന സ്ഥലം ഹിന്ദു പുരാണങ്ങളിൽ ഈവിധം കൽക്കിയുടെ ജന്മസ്ഥലമായി അടയാളപ്പെടുത്തിയിട്ടുണ്ട്, എന്നാൽ 'നോസ്ട്രഡാമസ്' എന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ കൽക്കിയുടെ ജന്മസ്ഥലം എന്ന് വിശേഷിപ്പിക്കുന്നത് മറ്റൊരു പ്രദേശത്തെ ആണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എൺപത്തിയഞ്ചു ശതമാനവും സത്യമായിട്ടുണ്ട് എന്നും ലോകം വിശ്വസിക്കുന്നു. കൽക്കി AD 2012 നും 2025 നും ഇടയിൽ തെക്കേ ഇന്ത്യയിൽ (മഹാരാഷ്ട്രയോ അതിനു താഴോട്ടുള്ള കേരളം വരെ ഉള്ള ഏതെങ്കിലും സംസ്ഥാനത്തോ) എവിടെയെങ്കിലും ജനിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. ചില ചരിത്രകാരന്മാർ ഈ പ്രവചനത്തെ അനുകൂലിക്കുകയും കൽക്കിയുടെ ജനനം AD 2020 -2021 കാലയളവിൽ ആയിരിക്കും എന്നും പറയപ്പെടുന്നു . ഇതിനെ അടിസ്ഥാനമാക്കി ഹിന്ദു മത ഗ്രന്ഥങ്ങളിൽ ഉള്ള അത്തരമൊരു രാജ്യത്തിന്റെ പരാമർശം പലരും ചോദ്യം ചെയ്തിട്ടുണ്ട്.
ബുദ്ധമതവും ശംഭാല എന്ന രാജ്യം നിലനിൽക്കുന്നതായി അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ശംഭാലയിലെ സുചന്ദ്ര മഹാരാജാവിന്റെ അഭ്യർത്ഥനപ്രകാരം ഗൗതമ ബുദ്ധൻ അദ്ദേഹത്തെ കാലചക്രത്തെ പറ്റി പഠിപ്പിച്ചു എന്നാണ് വിശ്വാസം .അതിന്റെ ഭാഗമായി ശംഭാല എന്ന രാജ്യത്തെ പറ്റി ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർശം ഉണ്ട്. ശംഭാല എന്ന ആശയത്തിന് ബാഹ്യവും ആന്തരികവും ബദൽ അർത്ഥങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. ബാഹ്യ അർത്ഥം ശംഭാലയെ ഒരു സ്ഥലമായി മനസ്സിലാക്കുന്നു, എന്നിരുന്നാലും സത്കർമങ്ങളിലൂടെ മാത്രമേ വ്യക്തികൾക്ക് അവിടെ എത്തിച്ചേരാനും അതിന്റെ സുഖം അനുഭവിക്കാനും കഴിയൂ എന്നും വിശ്വസിക്കുന്നു . ടിബറ്റൻ ബുദ്ധമതത്തിന്റെ പതിനാലാമത്തെ ദലൈലാമ 1985 ൽ ബോധ്ഗയയിലെ കലാചക്ര സമാരംഭത്തെ ഉദ്ധരിച്ചു സംസാരിക്കവെ ശംഭാല യഥാർത്ഥത്തിൽ കണ്ടെത്താൻ കഴിയുന്ന ഒരു സ്ഥലമല്ലെന്നും ഒരു വ്യക്തി തന്റെ കർമ്മങ്ങളിലൂടെ നേടുന്ന ഒരു അവസ്ഥയാണെന്നും വ്യക്തമാക്കുന്നു . ഒരു മനുഷ്യൻ തന്റെ കർമ്മ ബന്ധങ്ങളിലൂടെ എത്തിച്ചേരുന്ന ശുദ്ധമായ ഭൂമി അല്ലെങ്കിൽ മനസ്സിന്റെ ആ അവസ്ഥയെയാണ് ശംഭാല എന്ന സ്വർഗ്ഗ സമാനമായ ഭൂമിയായി കണക്കാക്കുന്നത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ഗ്രന്ഥങ്ങളുടെ സഹായത്തോടെ ശംഭാലയുടെ അസ്തിത്വം ഉദ്ധരിക്കുമ്പോൾ, മറുവശത്ത് ഗവേഷകർ, ചരിത്രകാരന്മാർ, മതപണ്ഡിതർ എന്നിവർ ഇത് ഒരു വ്യക്തി സ്വദസിദ്ധമായി കൈവരിക്കുന്ന ഒരു സാങ്കൽപ്പിക ലോകം മാത്രമാണെന്ന് പ്രസ്താവിക്കുന്നു. ഒരു വ്യക്തിയുടെ ഹൃദയത്തിന്റെയും കർമ്മത്തിന്റെയും ആത്യന്തികമായ പരിശുദ്ധി അവരെ ഈ സ്വർഗ്ഗരാജ്യത്തേക്ക് നയിക്കുന്നു എന്ന വിശ്വാസമാണ് ഈ കല്പനയുടെ അടിസ്ഥാനമെന്നാണ് ഗവേഷകരുടെയും ചരിത്രകാരുടെയും അഭിപ്രായം.
0 Comments