കണ്ണന്‍ ദേവന്‍ മലനിരകള്‍ക്ക് കേരളത്തില്‍ വൈദ്യുതി വന്നതിന്റെ പങ്ക്
പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ ദേവികുളത്തെ അഞ്ചുനാട്ടിലെ ഗ്രാമത്തലവൻ ആയിരുന്നു കണ്ണൻ തേവർ. അങ്ങനെയാണ് ആ മലകൾക്ക് കണ്ണൻ ദേവൻ എന്ന പേരു വന്നത്. തിരുവിതാംകൂറിലെ ഏലത്തോട്ടം സൂപ്രണ്ട് ആയിരുന്ന ജോൺ ഡാനിയേൽ മൺറോ 1877 ജൂണിൽ പൂഞ്ഞാർ രാജാവിൽ നിന്നും വിശാലമായ കണ്ണൻദേവൻ മലകൾ 5000 രൂപ പ്രതിഫലത്തിന് കാപ്പി കൃഷി ചെയ്യാൻ പാട്ടത്തിനെടുത്തു. പിന്നീട് തിരുവിതാംകൂർ രാജാവ് ഈ പാട്ടം അംഗീകരിച്ചു. മൺറോ കൂടുതൽ സ്ഥലങ്ങൾ കൂടി വാങ്ങി ആദ്യം കാപ്പി കൃഷിയും പിന്നീട് തേയില കൃഷിയും തുടങ്ങി. മദ്രാസ് സിവിൽ സർവീസിലെ എച്ച്.ഗ്രീബിൽ ടേർണറും സ്വന്തക്കാരനായ എ.ഡബ്ളിയു.ടേർണറും 1878ൽ ഈ മലനിരകളില്‍ എത്തി. അവർ മൺറോയുമായി ചേർന്ന് 'നോർത്ത് ട്രാവൻകൂർ ലാൻഡ് പ്ലാന്റിങ് അഗ്രികൾച്ചറൽ സൊസൈറ്റി' സ്ഥാപിച്ചു. പാട്ടത്തിനെടുത്ത മുഴുവൻ മലനിരകളും അതിൻറെ കീഴിലാക്കി. പിന്നീട് അവർ 1897 സ്കോട്ട്‌ലാൻഡിൽ വച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ്' കമ്പനി രജിസ്റ്റർ ചെയ്തു. ഈ കമ്പനിയുടെ ആവശ്യത്തിനു വേണ്ടിയാണ് മുതിരപ്പുഴ നദീതടത്തിൽ കണ്ണൻദേവൻ അണകെട്ടി അവർ തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി തുടങ്ങിയത്.
ഇനി അല്പം ചരിത്രം
ഒരുകാലത്ത് വെളിച്ചെണ്ണ, എള്ള് എണ്ണ, നെയ്യ്, കരിവീട്ടി എണ്ണ തുടങ്ങിയ ഉപയോഗിച്ചാണ് കേരളത്തിൽ വിളക്കുകൾ കത്തിച്ചിരുന്നത്. ക്ഷേത്രങ്ങളിൽ നല്ല പ്രകാശം ലഭിക്കാൻ തീവെട്ടികളും ഉപയോഗിച്ചിരുന്നു. എന്നാൽ മണ്ണെണ്ണയും അത് ഉപയോഗിച്ചുള്ള വിളക്കുകളുടേയും വരവ് ഈ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. യാത്രയ്ക്കു പോകുമ്പോൾ കത്തിച്ച ചൂട്ടോ (തെങ്ങിൻറെ ഓലകൾ, കൊതുമ്പ് എന്നിവ കൊണ്ട് നിർമ്മിച്ചത്) അല്ലെങ്കിൽ പന്തമോ ആണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ മഴയും കാറ്റും ഉള്ളപ്പോൾ ഇവ ഉപയോഗിക്കാൻ പ്രയാസമായിരുന്നു. പിന്നീടാണ് 'പാനീസ് വിളക്ക്' വന്നത് അതിന് നാലുഭാഗത്തും ചില്ലുകൾ ഉണ്ടായിരുന്നു. വെളിച്ചെണ്ണ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം പ്രചാരത്തിൽ വന്നത് ഗ്ലാസ് വിളക്കുകൾ ആയിരുന്നു, അതിലും വെളിച്ചെണ്ണയും തിരിയും തന്നെയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് വെളിച്ചെണ്ണ കൊണ്ടുതന്നെ കത്തിക്കുന്ന 'കല്ലു റാന്തൽ വിളക്ക്' വന്നു. മേശപ്പുറത്ത് വയ്ക്കാവുന്നതും മെഴുകുതിരി മാത്രം ഉപയോഗിക്കാവുന്നതുമായ 'സ്പ്രിംഗ് ലാമ്പ്' പെട്ടെന്ന് ജനപ്രിയമായി. മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാവുന്ന 'പലിശ വിളക്ക്' 1900-ൽ കേരളത്തിലെത്തി. അതോടെ അപൂർവം കടകളിൽ മണ്ണെണ്ണ വിൽക്കാൻ തുടങ്ങി.
ആദ്യമായി ഗുരുവായൂരിലെ ഒരു കടയിൽ നിന്നും മണ്ണെണ്ണ വാങ്ങി പലിശ വിളക്ക് കത്തിക്കാൻ ശ്രമിച്ചപ്പോൾ അത് ആളിപ്പടർന്ന് ഒരു ഇല്ലത്തെ ആളുകൾ പരിഭ്രമിച്ച് ഓടിയത് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് 'എന്റെ സ്മരണകൾ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പലതരം വിളക്കുകളുടെ വിവരണവും ചിത്രവും ആ പുസ്തകത്തിൽ ഉണ്ട്.
ആദ്യമാദ്യം മണ്ണെണ്ണ നാലുകെട്ടുകളിൽ കടത്തുന്നതിന് അനുവദിച്ചിരുന്നില്ല, പിന്നീടാണ് ഇതിന് മാറ്റം വന്നത്. മണ്ണെണ്ണ ഉപയോഗിക്കുന്ന 'അരീക്കൽ ലാമ്പിന്' വളരെ പെട്ടെന്ന് പ്രചാരം കിട്ടി. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കുകളാണ് തെരുവുവിളക്കുകൾ ആയി ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്യാസ് കൊണ്ട് കത്തിക്കുന്ന വിളക്കുകൾ തിരുവന്തപുരം പട്ടണത്തിൽ ഏർപ്പെടുത്തി.
മണ്ണെണ്ണയ്ക്ക് ഗ്യാസിനും പകരം തെരുവ് വിളക്ക് കത്തിക്കാനും മറ്റാവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദിപ്പിക്കാൻ തിരുവിതാംകൂർ സർക്കാരിന് പ്രചോദനമായത് മൂന്നാറിലെ കണ്ണൻദേവൻ കമ്പനിയിലെ വൈദ്യുതി ഉത്പാദനം ആയിരുന്നു. ഇതിനെ പറ്റിയുള്ള അന്വേഷണങ്ങൾ 1920 മുതൽ തുടങ്ങി. ജല ശക്തി ഉപയോഗിച്ചും ഓയിൽ ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന് വിദഗ്ധർ സർക്കാരിന് നിർദ്ദേശം നൽകി. 1925ൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുള്ള ശ്രമം സർക്കാർ തുടങ്ങി. എന്നാൽ പെട്ടെന്ന് വൈദ്യുതി ലഭിക്കാൻ ഓയിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടിയുള്ള യന്ത്രങ്ങൾ വിദേശത്തുനിന്ന് വരുത്തി. തിരുവനന്തപുരത്ത് പവർഹൗസ് നിർമ്മിച്ചു ഇന്ന് ആ സ്ഥലം പഴവങ്ങാടി പവർഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1928 മാർച്ച് 17 ന് ആരംഭിച്ചു. 1929ൽ പൂർത്തിയായി. ഇതിനുവേണ്ടിയുള്ള മൂന്ന് ഡീസൽ എൻജിനുകൾ തൂത്തുക്കുടിയിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. 1929 ഫെബ്രുവരി 25 ന് അന്നത്തെ ദിവാനായിരുന്ന എം ഇ വാട്സ് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂറിലെ പല പട്ടണങ്ങളിലും ഇതുപോലെ വൈദ്യുത നിലയങ്ങൾ തുടങ്ങി.
1935ൽ പള്ളിവാസൽ പദ്ധതിയുടെ പണി ആരംഭിച്ചു. 1936 അവസാനത്തോടെ യന്ത്രങ്ങള്‍ സ്ഥാപിച്ചു. 1940 മാർച്ച് 19ന് ദിവാൻ സർ സി പി രാമസ്വാമി അയ്യർ പള്ളിവാസൽ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി എന്ന സ്വപ്നം പൂർത്തിയായി.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ വായിക്കാൻ ഈ ബ്ലോഗ് FOLLOW ചെയ്യുക.
Thanks
കടപ്പാട്: വിചിത്രലോകം
0 Comments