Header Ads Widget

Responsive Advertisement

കേരളത്തിലെ ആദ്യ വിമാന അപകടം First Air crash in Kerala

 കോഴിക്കോട്​: 1969 ജനുവരി 17 കേരളത്തിലെ ആദ്യ വിമാന അപകടം

കരിപ്പൂരിലെ നടുക്കുന്ന വിമാന ദുരന്തത്തി​ന്റെ പശ്ചാത്തലത്തിൽ 50 വർഷം മുമ്പ്​ നടന്ന വിമാനാപകടത്തി​ന്റെ വിവരങ്ങൾ ഓർമിപ്പിക്കുകയാണ്​ അധ്യാപകനും മുൻ മാധ്യമപ്രവർത്തകനുമായ ​റിയാസ്​ അബൂബക്കർ. കരിപ്പൂരിൽ നിന്ന്​ 10 കി.മീ അകലെ ചേളാരിയിലായിരുന്നു അന്നത്തെ ദാരുണാപകടം.




ചേളാരിയിൽ വിമാനത്താവളമോ?


ചേളാരിയിൽ അങ്ങിനെയൊരു എയർസ്ട്രിപ്പ്‌ ഉണ്ടായിരുന്നോ എന്നതായിരിക്കും പലരുടെയും സംശയം. എന്നാൽ സംശയിക്കേണ്ട. അങ്ങിനെയൊന്ന് ഉണ്ടായിരുന്നു ചേളാരിയിൽ. മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോർ റയോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ 1962ൽ ബിർളാ കമ്പനിയാണു ചേളാരിയിൽ ഒരു സ്വകാര്യ മിനി വിമാനത്താവളം നിർമിച്ചത്. അന്നത്തെ ബിർളാ മാനേജർ ആയിരുന്ന കേണൽ രാജൻ ആണ് ചേളാരിക്കാരനായ ആലിക്കുട്ടിഹാജിയുടെ 92 ഏക്കർ സ്ഥലം വിലക്കെടുത്ത് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ആലിക്കുട്ടി ഹാജിക്ക് തന്നെയായിരുന്നു നിർമ്മാണകരാർ. ഒന്നര വർഷം കൊണ്ട് എയർ സ്ട്രിപ്പ് പ്രവർത്തനസജ്ജമായി.

പറന്നിറങ്ങുന്നത്​ 3250 പത്രം ഇറക്കാൻ


ബിർളയുടെ സ്വകാര്യാവശ്യത്തിനു നിർമ്മിച്ചതായിരുന്നെങ്കിലും ദി ഹിന്ദുവി​ന്റെ പത്രമിറക്കാനായും ചേളാരി എയർസ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവി​ന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് വിമാനം ദിവസേന ചേളാരിയുടെ മണ്ണിൽ പറന്നിറങ്ങിയിരുന്നത്.

ദേശീയപാതയിലൂടെ വിമാനം...


ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാൻറ്​ ചെയ്യുന്ന രീതിയിലായിരുന്നു റൺവേയുടെ നിർമ്മാണം. വിമാനം ലാൻഡ്​ ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടി ഗതാതം നിയന്ത്രിക്കും.

ദുരന്ത ദിനം

1969 ജനുവരി 17ന്​ മറ്റൊരു വെള്ളിയാഴ്ച ചേളാരിയിലെ പഴയ എയർസ്ട്രിപ്പിൽ 'ദി ഹിന്ദു' പത്രത്തി​ന്റെ ഡെക്കോട്ട വിമാനം തകർന്ന് വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും സംഭവസ്​ഥലത്ത്​ തന്നെ മരിച്ചു.


പത്രക്കെട്ടുകൾ ഇറക്കി തിരിച്ചു പറക്കുന്നതിനിടയിലാണ്​ ഹിന്ദുവി​ന്റെ ഡെക്കോട്ട വിമാനം (Douglas C-47A-50-DL) രാവിലെ 6.45 നു ചേളാരിയിലെ എയർ സ്ട്രിപ്പിനു സമീപത്തെ വയലിലേക്ക് തകർന്ന് വീണത്‌. വിമാനം ഒരു വശത്തേക്ക് ചിറകുകുത്തിവീണു. എഞ്ചിൻ തകരാറായിരുന്നത്രെ കാരണം. വിമാനംവീണ്​ ഒരു മണിക്കൂറോളം കാഴ്ച മറക്കുന്ന പൊടിയായിരുന്നു.

പൈലറ്റ് മെഹ്ത്തയും സഹപൈലറ്റ് റെഡ്ഢിയും വിമാനത്തിൽനിന്നും വയലിലേക്ക് തെറിച്ചുവീണു. സഹപൈലറ്റ് റെഡ്ഢിയുടെ കാലുകൾ വേർപെട്ട നിലയിലായിരുന്നു മൃതദേഹം. മെഹ്തയിൽ ജീവ​ന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അപകടത്തിന് ദൃസാക്ഷിയായിരുന്ന ഹിന്ദു പത്രത്തി​ന്റെ അന്നത്തെ സബ് ഏജൻറ്​ ചേളാരിക്കാൻ ബാവാക്ക പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡോക്ടർമാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെൻറ്​ കെട്ടി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നുവെത്രെ.

തകർന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങൾ അഴിച്ച് വേർപെടുത്തിയാണ് ചേളാരിയിൽനിന്നും കൊണ്ടുപോയത്

അപകടത്തിന് ശേഷം ഹിന്ദുവി​ന്റെ വിമാനം ചേളാരിയിൽ വന്നിട്ടില്ലെങ്കിലും കരിപ്പൂർ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയർസ്ട്രിപ്പ് പ്രവർത്തിച്ചിരുന്നു (കരിപ്പൂർ വിമാനത്താവളം നിർമ്മിക്കുന്നതിനുമുൻപ്‌ ബിർളയുടെ ഈ സ്വകാര്യ വിമാനത്താവളം ഏറ്റെടുത്ത്‌ കോഴിക്കോട്‌ വിമാനത്താവളമാക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ഉയർത്തി ഇന്ത്യൻ എയർലൈൻസ്‌ ഇതിനെ എതിർക്കുകയായിരുന്നു. 

ചേളാരി വിമാനത്താവളം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷ​ന്റെ ബോട്ടിലിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. യൂണിറ്റിന്റെ എതിർവശം ദേശീയപാതക്ക് അപ്പുറം തകർന്ന എയർസ്ട്രിപ്പിന്റെ ഭാഗങ്ങൾ ഇപ്പോഴും കാണാനാകും.

(വിവരങ്ങൾക്ക് കടപ്പാട് Credits: മുഹമ്മദ് നൗഫലും പ്രവീണും എഴുതിയ "കരിപ്പൂരിനുമുമ്പ് യന്ത്രപക്ഷികളിറങ്ങിയ ചേളാരി" എന്ന ഫീച്ചർ)

Post a Comment

0 Comments