Header Ads Widget

Responsive Advertisement

പൊവേലിയ Poveglia Island | The scariest island in the world

പൊവേലിയ - മാരക രോഗബാധിതരെ ജീവനോടെ കുഴിച്ചിട്ട ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ്.



Poveglia Island | The scariest island in the world

യൂറോപ്പിലെ 20 കോടിയിലേറെ ജനങ്ങളാണ് വർഷങ്ങൾക്കു മുൻപ് പ്ലേഗ് എന്ന മഹാമാരിക്കു മുന്നിൽ ജീവൻ വെടിഞ്ഞത്. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടാൻ വേണ്ടി അധികൃതർ ഒരു ദ്വീപ് കണ്ടെത്തി. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപായിരുന്നു അത്. പേര് പൊവേലിയ.


ഈ ദ്വീപിന്റെ സ്ഥാനം ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് . ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി കൂറ്റൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെയാണ്. പൊവേലിയയിലെ മേൽമണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.


പൊവേലിയയിൽ നൂറ്റാണ്ടുകൾക്കു മുൻപേ ആൾതാമസമുണ്ടായിരുന്നു. പിന്നീട് പലരും കീഴടക്കി ഇവിടത്തെ ജനങ്ങളെയെല്ലാം ആട്ടിപ്പായിക്കുകയായിരുന്നു. ഇവിടെ വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പൻ കോട്ടകളും പണികഴിപ്പിച്ചതോടെയാണ് വീണ്ടും ദ്വീപിൽ ആൾതാമസമുണ്ടായത്. പക്ഷേ വെനീസ് അധികൃതർ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ പൂർണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനിൽക്കുന്നത്.


ദ്വീപിൽ ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കൾ അലയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ലോകപ്രശസ്തരായ പ്രേതാന്വോഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്.


ഇന്നും മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങൾ പൊവേലിയയിലൂടെ നടക്കുമ്പോൾ കാണാം. എന്നാൽ പ്ലേഗ് കൊണ്ടും ഇവിടുത്തെ കഥ തീർന്നില്ല. പിന്നീട് ആർക്കെങ്കിലും മാറാരോഗങ്ങൾ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സർക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി.


പിന്നീട് 1922ൽ പൊവേലിയയിലെ കെട്ടിടങ്ങൾ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി.


പക്ഷേ അധികകാലം ഇത് തുടർന്നില്ല. ദ്വീപിലെ കൂറ്റൻ ബെൽ ടവറിനു മുകളിൽ നിന്നു ചാടി ഡോക്ടർ ഒരു രാത്രി ആത്മഹത്യ ചെയ്തു. ഇന്നും ജനം വിശ്വസിക്കുന്നത് പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ്. ഇപ്പോഴും പാതിരാവുകളിൽ ദൂരെ ദ്വീപിൽ നിന്നും ബെൽ ടവറിലെ മണിയൊച്ചകൾ കേൾക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പക്ഷെ ടവറിലെ കൂറ്റൻ മണി പണ്ടേ അപ്രത്യക്ഷമായതാണ്.


തുടർന്ന് 1968ന് സർക്കാർ പൂർണമായും ദ്വീപിനെ കൈവിട്ടു. മാനസിക രോഗാശുപത്രിയിൽ മരിച്ചുവീണവരെയും ദ്വീപിൽത്തന്നെയാണ് അടക്കിയത്. കൂട്ടിയിട്ട നിലയിൽ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നൽകാൻ സർക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി.


ദ്വീപിൽ പാരാനോർമൽ ഗവേഷകർ നടത്തിയ അന്വേഷണങ്ങൾക്കിടെ എല്ലാവർക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ മുതൽ തങ്ങൾക്കു നേരെ ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തിൽ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്.



ഇരുട്ടിൽ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകൾ സഹിക്കാനാകാതെ നിരവധി പേരാണ് ദ്വീപ് വിട്ട് പോയത്. അൽപമെങ്കിലും ഭയം മനസിലുണ്ടെങ്കിൽ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാർ പറയുന്നത്. പോയാൽ രാത്രി ഒരു കാരണവശാലും നിൽക്കാനും പാടില്ല. ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോർട്ട് നിർമിക്കാനോ മറ്റോ ആണ് ശ്രമമെങ്കിൽ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികൾ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

Post a Comment

0 Comments