ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നു പറയുന്നത്.
മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമർചിത്രങ്ങളുണ്ട്. ചുമരിന്മേൽ തേക്കുന്ന പശ ഉണങ്ങുന്നതിനു മുൻപേ അവയിൽ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാൽ അത്തരം ചിത്രങ്ങളെ മ്യൂറൽ എന്നും വിളിക്കുന്നു.
രാജസ്ഥാൻ കഴിഞ്ഞാൽ, ഇൻഡ്യയിൽ ഏറ്റവുമധികം ചുവർച്ചിത്രങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങൾ കേരളത്തിലുണ്ട്. കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവർച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വർണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയിൽ നിന്ന് നീല നിറവും, മാലക്കൈറ്റിൽ നിന്നോ എരവിക്കറയിലോ മനയോലയിലോ നീലനിറം ചേർത്തോ പച്ചനിറവും, എണ്ണക്കരിയിൽ നിന്ന് കറുപ്പും, നിർമ്മിച്ചിരുന്നത്. കൂടാതെ ചായില്യവും
നിറക്കൂട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ചില ചായങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേർപ്പിക്കുകയും ചെയ്തിരുന്നു.പലതരം പശകളാണ് ഭിത്തിയിൽ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങൾ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിർമ്മിച്ചിരുന്നത്.
ഇപ്പോൾ ക്യാൻവാസിൽ അക്കർലിക്ക് നിറങ്ങൾ ഉപയോഗിച്ച് ചുവർചിത്ര ശൈലിയിൽ ഉള്ള ചിത്രങ്ങൾ ധാരാളമായി ചെയ്ത് വരുന്നു.
മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പതിനേഴാം നൂറ്റാൺറ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്.
കേരളത്തിലെ ചുമർചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങൾ കെട്ടിയുണ്ടാക്കാൻ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങൾ) എട്ട്-ഒൻപത് നൂറ്റാണ്ടുകളിലാണ് ചുവർച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുൻപ്, കളമെഴുത്ത് എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തിൽ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാർത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളിൽ കാണുന്നു. പതിനഞ്ചു മുതൽ പത്തൊൻപതുവരെ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തിൽ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങൾക്കാണ് ഭംഗിയും ആകർഷണീയതയും കൂടുതലുള്ളത്. പോർച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങൾ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടായ രണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങലിലെ ചുവർച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട്
ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ചുവർച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കാലഗണനാക്രമത്തിൽ അവയെ വേർതിരിക്കുവാൻ കഴിഞ്ഞിട്ടില്ല.
- പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാൽ ഗുഹയിലെയും ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നു
- പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും, തൃശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ പ്രതിനിധീകരിക്കുന്നു.
- മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കൽ, പുണ്ഡരീകപുരം, തൃപ്രയാർ, പനയന്നാർകാവ്, ലോകനാർകാവ്, ആർപ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
- മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കൽ, കോഴിക്കോട് തളി, വടകര കീഴൂർ, വടകര ചേന്നമംഗലം, ലോകനാർകാവ്, കരിമ്പുഴ,പുന്നത്തൂർകോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്.
ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ ഉദയംപേരൂർ സൂഹന്നദോസിനു ശേഷമാണ് ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .
വടക്കൻ കേരളത്തിൽ, പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ആക്രമണങ്ങൾ ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകർച്ചയും സൃഷ്ടിക്കുകയും ചുവർച്ചിത്രകലയുടെ പതനത്തിനും ഇടയാക്കുകയും ചെയ്തു. തെക്കൻ കേരളത്തിൽ, കേണൽ മൺറോയുടെ ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തത്. അക്കാലത്തെ രവിവർമച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു കാരണമാണ്
പ്രസിദ്ധമായ ചുവർച്ചിത്രങ്ങളുള്ള കേരളത്തിലെ ചില ക്ഷേത്രങ്ങളും കൊട്ടാരങ്ങളും :-
പനയനാർക്കാവ് ക്ഷേത്രം
മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രം
ഏറ്റുമാനൂർ ക്ഷേത്രം
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പുണ്ഡരീകപുരം ക്ഷേത്രം
പദ്മനാഭപുരം കൊട്ടാരത്തിലെ മഹാവിഷ്‌ണു, പൂതനാമോക്ഷം, ബകവധം, കാളിയമർദ്ദനം, ശ്രീരാമപട്ടാഭിഷേകം എന്നീ ചിത്രങ്ങൾ.
മട്ടാഞ്ചേരി കൊട്ടാരം
പ്രസിദ്ധ ചുവർച്ചിത്രങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ :-
കണ്ണൂർ, കൊരട്ടി, എറണാകുളം ജില്ലയിലെ അകപ്പറമ്പ്, ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്നീ ക്രിസ്തീയ പള്ളികൾ.
കോട്ടയം പള്ളിയിലെ ക്രിസ്തുവിന്റെ തിരുവത്താഴം പ്രമേയമായ ചുവർചിത്രം.
കാഞ്ഞൂർ പള്ളിയിലെ ചുവർചിത്രത്തിൽ ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിച്ചിട്ടുണ്ട്.
0 Comments