Header Ads Widget

Responsive Advertisement

കെഎസ്ആർടിസി ബസ്സുകളിലെ നീലനിറം

ചില കെഎസ്ആർടിസി ബസ്സുകൾക്ക് എന്തുകൊണ്ട് നീലനിറം?
കെഎസ്ആർടിസി എന്നു പറയുമ്പോൾ പൊതുവെ എല്ലാവരുടെയുമുള്ളിൽ ഓടിയെത്തുന്നത് ചുവപ്പും മഞ്ഞയും നിറത്തോടു കൂടിയ ബസ്സുകളായിരിക്കും. എന്നാൽ ഇപ്പോൾ പല നിറത്തിലുള്ള ബസ്സുകളും കെഎസ്ആർടിസിയിൽ കാണാം. അവയിലൊന്നാണ് ഇളംനീല നിറത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ. ശരിക്കും ഈ കെഎസ്ആർടിസി ബസ്സുകൾക്ക് നീലനിറം വന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് അറിവില്ലാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അത്തരക്കാർക്കായി ആ കാര്യം വിവരിക്കാം.

2018 ൽ ജല സംരക്ഷണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരത്തിലിറക്കിയതാണ് ഈ നീല ബസ്സുകൾ. കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് റവന്യു വകുപ്പാണ് ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ ഈ നൂതന വഴി തെരഞ്ഞെടുത്തത്. സന്ദേശ വാഹിനി ബസ്സുകൾ എന്നാണു ഇവ ഔദ്യോഗികമായി അറിയപ്പെടുന്നത്.

അനുദിനം കഠിനമാകുന്ന വരള്‍ച്ച. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് അളന്നുപയോഗിക്കേണ്ട നിലയാണ് സംസ്ഥാനത്ത്. വെള്ളം പാഴാക്കാതെയും ഉറവകള്‍ മലിനമാക്കാതെയും വറ്റാതെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കെഎസ്ആര്‍ടിസി സന്ദേശ വാഹിനി ബസ്സുകള്‍. ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ എന്ന സന്ദേശം മുന്‍നിര്‍ത്തി ദീര്‍ഘകാല ആശയപ്രചാരണം ലക്ഷ്യംവച്ചാണ് ബസുകള്‍ ഗ്രാമ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തിയത്.

ഈ കാമ്പയിന്‍റെ ഭാഗമായി 15 ബസുകളാണ് അന്ന് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. സൂപ്പർഫാസ്റ്റ് ബസ്സുകളാണ് ഇത്തരത്തിൽ വേഷംമാറി നിരത്തിലിറങ്ങിയത്. റവന്യൂ വകുപ്പിനു കീഴിലുളള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ബസിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ബസ്സിന്റെ വശങ്ങളിലായി ജലസംരക്ഷണത്തിന്റെ സന്ദേശങ്ങൾ, മുന്നറിയിപ്പുകൾ തുടങ്ങിയവ ഉൾകൊള്ളിച്ചു കൊണ്ടാണ് ഡിസൈൻ ചെയ്തത്.

കെ.എസ്.ആര്‍.ടി.സിയുടെ എടപ്പാള്‍ റീജ്യണൽ വര്‍ക്ക്‌ഷോപ്പിലാണ് ഈ ബസ്സുകളുടെ ബസ് ബോഡി തയ്യാറാക്കിയത്. ഇത്തരത്തിലിറങ്ങിയ 15 ആനവണ്ടികളിൽ 2 എണ്ണം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കും, ബാക്കി 13 എണ്ണം കൊട്ടാരക്കര, തിരുവല്ല, ആലപ്പുഴ, കോട്ടയം, തൊടുപുഴ, എറണാകുളം, ഗുരുവായൂർ, ചിറ്റൂർ, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, പയ്യന്നൂർ, കാസർഗോഡ് എന്നീ ഡിപ്പോകളിൽ ഒരെണ്ണം വീതവുമാണ് അലോട്ട് ചെയ്യപ്പെട്ടത്.

13 ഐഷർ ബസ്സുകളും, രണ്ട് അശോക് ലെയ്‌ലാൻഡ് ബസ്സുകളുമാണ് ഇത്തരത്തിൽ നിറം മാറി നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി എന്ന് എഴുതിയ ഈ നീല ബസ്സുകൾ കണ്ട് യാത്രക്കാർക്കെല്ലാം അമ്പരപ്പാണുണ്ടായത്. ഇതിനു പിന്നിലെ കാര്യമറിയാവുന്ന കെഎസ്ആർടിസി പ്രേമികൾ ഇളം നീല നിറത്തിലുള്ള ഈ ബസ്സുകൾക്ക് ഒരു ചെല്ലപ്പേരുമിട്ടു – ജലജ. “ജലസംരക്ഷണത്തിനായി ഓടുന്നവൾ ജലജ… ഈ പേര് ഇട്ടയാൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

അങ്ങനെ രണ്ടു വർഷത്തോളം നീലക്കുപ്പായമിട്ടുകൊണ്ട് ജലസംരക്ഷണ ബോധവൽക്കരണവുമായി സർവ്വീസ് കാമ്പെയ്ൻ നടത്തിയ ശേഷം ജലജ ബസ്സുകൾ തിരികെ സാധാരണ കളർകോഡിലേക്ക് മാറി. എങ്കിലും ചില ബസ്സുകൾ ഇപ്പോഴും ജലജയായി സർവ്വീസ് നടത്തുന്നുണ്ട്.

Post a Comment

0 Comments