Header Ads Widget

Responsive Advertisement

ദിനോസറുകൾക്കൊപ്പം മനുഷ്യര്‍ | ഇക ശിലയുടെ രഹസ്യം...?

ദിനോസറുകളും, പറക്കും തളികകളും :
ഇകയിലെ അത്ഭുതങ്ങള്‍ 

1961ൽ പെറുവിലെ ഇക നദിയിൽ അതിശക്തമായ ഒരു വെള്ളപ്പൊക്കമുണ്ടായി. നദി കരകവിഞ്ഞൊഴുകി ചുറ്റിലുമുള്ള കൃഷിയിടങ്ങളെല്ലാം നശിച്ചു. വെള്ളമിറങ്ങിയപ്പോഴാകട്ടെ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠമായ മേൽമണ്ണെല്ലാം ഒലിച്ചു പോയിരുന്നു. ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് സങ്കടപ്പെട്ട കർഷകർ കൃഷി ചെയ്യാനുള്ള ഇടം തേടി ഇകയുടെ തീരത്തുകൂടെ നടന്നു. പല സ്ഥലങ്ങളും പരിശോധിച്ചു. അതിനിടെയാണ് പലർക്കും ഒരു തരം കല്ല് ലഭിച്ചത്. അവയിൽ പലതരത്തിലുള്ള കൊത്തുപണികളുമുണ്ടായിരുന്നു. പലതും വിചിത്രമായ ചിത്രങ്ങൾ.

ബാസിലോ ഉച്ചുയ എന്ന കർഷകനാണ് കൂടുതൽ ശിലകൾ ലഭിച്ചത്. അദ്ദേഹം അത് ഗ്രാമത്തിലെ ഡോക്ടറായ ഡോ.ആവിയർ കബ്രേറയ്ക്കു കൈമാറി. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കല്ലുകള്‍. എല്ലാത്തിലും വ്യത്യസ്തങ്ങളായ ചിത്രം വരകൾ. പുരാവസ്തു ഗവേഷകരോട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അവര്‍ ശ്രദ്ധിച്ചില്ലെന്നും അതിനാലാണ് ഡോക്ടറെ ഏൽപിക്കുന്നതെന്നുമായിരുന്നു ബാസിലോ പറഞ്ഞത്. മാത്രവുമല്ല പാവങ്ങൾക്കു സൗജന്യ സേവനം നൽകുന്ന ഡോക്ടർക്കുള്ള പ്രതിഫലം കൂടിയായിരുന്നു അത്. തനിക്കു കിട്ടിയ ഓരോ ശിലയും പരിശോധിച്ചപ്പോഴാണ് ഡോക്ടർ അന്തംവിട്ടു പോയത്. അന്യഗ്രഹജീവികൾ മുതൽ ദിനോസറുകൾ വരെയുണ്ടായിരുന്നു അതിൽ. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി കണ്ടതോടെ തന്റെ കയ്യിലിരിക്കുന്നത് അസാധാരണ ശിലകളാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. 

ഈ ശിലകൾ സൂക്ഷിക്കുന്നതിനു വേണ്ടി ഒരു സ്വകാര്യ മ്യൂസിയം തന്നെ അദ്ദേഹം തയ്യാറാക്കി. പെറുവിലെ ഇൻക വിഭാഗക്കാരാണ് ആ കൊത്തുപണിക്കു പിന്നിലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അവരെങ്ങനെയാണ് ഭൂമിയിൽ ദിനോസറുകളുണ്ടെന്നു മനസ്സിലാക്കിയത്. ആധുനിക മനുഷ്യൻതന്നെ ഇക്കാര്യം തിരിച്ചറിഞ്ഞത് ഫോസിൽ ഖനനത്തിലൂടെയായിരുന്നു. എന്നാൽ ശിലകളിലാകട്ടെ മനുഷ്യനും ദിനോസറും പരസ്പരം ഏറ്റുമുട്ടുന്നതും ദിനോസറുകൾ ഉല്ലസിച്ചു നടക്കുന്നതുമെല്ലാം വ്യക്തമായി വരച്ചിട്ടുണ്ട്. ബഹിരാകാശ യാത്രികരെപ്പോലെ തോന്നിപ്പിക്കുന്നവരുടെ രണ്ട് ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ പറക്കുംതളികൾ ഭൂമി സന്ദർശിക്കുന്നതിനെ സൂചിപ്പിക്കുന്ന ചിത്രങ്ങളും. 

ഇങ്ങനെ മനുഷ്യരും വിചിത്ര ജീവികളുമെല്ലാമായി പതിനായിത്തിലേറെ ശിലകളാണ് മ്യൂസിയത്തിൽ എത്തിയത്. ആരും അറിയാതെ ഭൂമുഖത്തുനിന്ന് ഇല്ലാതായ ഒരു നാഗരികതയുടെ അടയാളപ്പെടുത്തലാണ് അതെന്നുവരെ പലരും കരുതി. ദിനോസറുകളും മനുഷ്യരും ഒരുമിച്ചാണ് ഭൂമിയിൽ കഴിഞ്ഞതെന്ന വാദം ഉന്നയിക്കുന്നവര്‍ക്കും ഈ ശിലയിലെ ചിത്രങ്ങൾ കരുത്തു പകർന്നു. പറക്കുതളികാവാദക്കാരും രംഗത്തുവന്നു. എന്നാൽ ഇക സ്റ്റോണുകള്‍ എന്നു പേരെടുത്ത ഇതിന്റെ ആധികാരികതയിൽ ഗവേഷകര്‍ക്കു സംശയമുണ്ടായിരുന്നു. 1973ൽ ബിബിസിയുടെ ഇന്റർവ്യൂവിൽ ബാസിലോ തുറന്നു പറഞ്ഞു– ആ ചിത്രങ്ങളെല്ലാം വരച്ചത് താനാണെന്ന്. എന്നാൽ ഡോക്ടർ ആവിയർ അപ്പോഴും അതു വിശ്വസിച്ചില്ല. 

ചുരുങ്ങിയ നാളുകൾ കൊണ്ട് ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയേറെ ചിത്രം ഇത്രയും സൂക്ഷ്മതയോടെ എങ്ങനെ വരയ്ക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാത്രവുമല്ല ഹൃദയ മാറ്റം, സിസേറിയൻ എന്നിവയെപ്പറ്റിയെല്ലാം ചിത്രങ്ങളിലുണ്ട്. പലതരം ഭൂപടങ്ങളുമുണ്ട്. ഇതെല്ലാം ഒരു കർഷകൻ എങ്ങനെ വരച്ചു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യം. ആൻഡിസൈറ്റ് എന്നയിനം പാറക്കല്ലുകളിലായിരുന്നു ചിത്രംവര. പൊതുവെ കാഠിന്യമേറിയതും മിനുസമേറിയതുമായ ഈ ശില കൊത്തുപണികൾക്കായി ആരും ഉപയോഗിക്കാറില്ല. ഇത്രയേറെ കൃത്യതയോടെ ആ ശിലകളിൽ ആർക്കും ചിത്രം വരയ്ക്കാനാകുമെന്നും തോന്നുന്നില്ല. അതും ഒന്നിനു പിറകെ ഒന്നായി! ഈ വാദങ്ങളെല്ലാം ഡോ.ആവിയർ ഉയർത്തി. 

ഇത്തരത്തിൽ ലഭിച്ച കല്ലുകൾ ഒട്ടേറെ പേർ പെറുവിലെത്തിയ വിദേശികൾക്കു വിറ്റതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. എല്ലാം വിരൽ ചൂണ്ടുന്നത് ഒരാൾ ഒറ്റയ്ക്കല്ല ഈ ശിലകളിലെ കൊത്തുപണി നടത്തിയെന്നാണ്. വൈദഗ്ധ്യമുള്ളവരാണ് ഇതിനു പിന്നിലെന്നതും ഉറപ്പ്. തന്റെ സ്വകാര്യ മ്യൂസിയം ഇന്നും ആവിയർ പൊതുജനങ്ങൾക്കായി തുറന്നിട്ടിട്ടുണ്ട്. പെറുവിലെത്തുന്ന ആർക്കും ഈ അദ്ഭുത ശിലകളുടെ ശേഖരം കണ്ട് അമ്പരക്കാം. ഒട്ടേറെ പേർ ഇതു സംബന്ധിച്ച പഠനം
ഇപ്പോഴും തുടരുകയാണ്.
രഹസ്യങ്ങളുടെ ചുരുള്‍ അഴിയുമെന്ന് പ്രതീക്ഷിക്കാം....

ഇതുപോലെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങള്‍ ഇനിയും തുടരും.....
അത് അറിയാനായി ഈ ബ്ലോഗ് ഫോളോ ചെയ്യൂ......

നന്ദി നമസ്കാരം 

Post a Comment

2 Comments