ഗുഹയുടെ ആഴം
ഗുഹയുടെ കൃത്യമായ ആഴം ഇതുവരെ അളക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഗുഹാമുഖത്തിന്റെ വലുപ്പം തന്നെ വിസ്മയിപ്പിക്കുന്നതാണ്. വലിയ മറവുകളൊന്നുമില്ലാത്ത തുറസ്സായ പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. എത്ര ദൂരെ നിന്നു നോക്കിയാല്‍ പോലും കാണാന്‍ തക്ക വലുപ്പമാണ് ഗുഹാമുഖത്തിനുള്ളത്. കൃത്യമായി പറഞ്ഞാല്‍ 100 മീറ്റര്‍ നീളവും 60 മീറ്റര്‍ വ്യാസവും. ഭൂമിയുടെ ഉള്ളിലേക്ക് ഒരു വലിയ തുരങ്കം നിര്‍മിച്ചതു പോലെ കുത്തനെയാണ് ഗുഹാമുഖത്തു നിന്നു കുറച്ച് ആഴത്തില്‍ വരെ കാണാനാകുക. തുടര്‍ന്നങ്ങോട്ടു ചരിവു നിവര്‍ന്നു വരുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തല്‍
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗുഹയെക്കുറിച്ച് ആദ്യമായി പുറം ലോകം അറിയുന്നത്. ഗവേഷകനായ ബെവന്‍ ഏണസ്റ്റ് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്കിടെയായിരുന്നു ഈ കണ്ടെത്തല്‍. ബെവന്‍ ഏണസ്റ്റാണ് സര്‍ലാക് പിറ്റ് എന്ന താല്‍ക്കാലിക നാമം ഗുഹയ്ക്ക് നല്‍കിയത്. തുടര്‍ന്നാണു കാതറൈന്‍ ഹക്സണിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് ജൂലൈയില്‍ എത്തിയത്. എന്നാല്‍ അന്നു ഗുഹാമുഖത്തെ മഞ്ഞു നീങ്ങിയിരുന്നുവെങ്കിലും ഉള്ളിലെ മഞ്ഞു മൂലം കൂടുതല്‍ ഗവേഷണം സാധ്യമായില്ല.
പിന്നീട് സെപ്റ്റംബറില്‍ ജോണ്‍ പൊള്ളോക്ക് എന്ന ഭൗമഗവേഷകന്‍ ഗുഹയുടെ ഉള്ളിലേക്കിറങ്ങി ചെല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. സെപ്റ്റംബറില്‍ തന്നെ കേവര്‍ ലി ഹോള്ളിസ് എന്ന ഗവേഷകനും ഗുഹയിലേക്ക് 80 മീറ്റര്‍ ആഴത്തില്‍ വരെ ഇറങ്ങി ചെന്നിരുന്നു.എന്നാല്‍ പിന്നീടങ്ങോട്ടുള്ള യാത്ര ഗുഹയ്ക്കകത്തുള്ള ശക്തമായ വെള്ളച്ചാട്ടം മൂലം അസാധ്യമായി. ഇവിടെ നിന്നുള്ള നിരീക്ഷണത്തില്‍ ഗുഹയ്ക്ക് 600 അടി വരെ ആഴമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീടങ്ങോട്ടു ചരിവു മൂലം ദൂരം അളക്കാന്‍ സാധിക്കുന്നില്ല. കൃത്യമായ ദൂരം അളക്കണമെങ്കില്‍ കൂടുതല്‍ ദൂരത്തേക്ക് ഇറങ്ങി ചെല്ലേണ്ടി വരും. മഞ്ഞു വീഴ്ച ശക്തമായതോടെ ഇനി അടുത്ത വേനല്‍ക്കാലത്തിന്‍റെ അവസാനത്തോടെ മാത്രമേ പര്യവേഷണം പുനരാരംഭിക്കാനാകൂ.
ഇത്ര നാളും ഒളിഞ്ഞു കിടന്നതിലെ നിഗൂഢത
കാനഡയിലെ ഏറ്റവും വലിയ ഗുഹയായി സര്‍ലാക് പിറ്റ് എന്നു താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ഈ ഗുഹ മാറിക്കഴിഞ്ഞു. എന്നാല്‍ ഇത്ര വലിയ ഗുഹയായിട്ടും ഇത്ര നാള്‍ മനുഷ്യ നേത്രങ്ങളില്‍ നിന്ന് ഈ ഗുഹ എങ്ങനെ ഒളിഞ്ഞു കിടന്നു എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. വനമേഖലയില്‍ ഏറെ ഉള്ളിലാണെങ്കിലും ഗവേഷണങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റുമായി മനുഷ്യര്‍ പലപ്പോഴും എത്തിച്ചേരുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്ന ഇവരില്‍ നിന്നെല്ലാം ഗുഹ മറഞ്ഞു കിടന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ കാതറൈന്‍ ഹക്സണ്‍ നല്‍കുന്ന വിശദീകരണം ഏറെക്കുറെ തൃപ്തികരമാണ്. 20 വര്‍ഷം മുന്‍പ് വരെ വര്‍ഷം മുഴുവന്‍ മഞ്ഞു പുതഞ്ഞു കിടക്കുന്ന പ്രദേശമായിരുന്നു ഇവിടം. അതുകൊണ്ടു തന്നെ ഗുഹാമുഖം കാണുക സാധ്യമല്ലായിരുന്നു. സമീപകാലത്തായിരിക്കണം ഗുഹാമുഖത്തെ മഞ്ഞ് വേനല്‍ക്കാലത്തു പൂര്‍ണമായും ഉരുകാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ മഞ്ഞാകണം മനുഷ്യരില്‍ നിന്ന് ഈ ഗുഹയെ ഇത്ര നാളും മറച്ചു പിടിച്ചതെന്നാണ് കാതറിന്റെ വിശദീകരണം.
അതേസമയം ഗുഹയെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും അറിയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ ഗുഹയെക്കുറിച്ചു പൊതുജനങ്ങളില്‍ ആര്‍ക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നു കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗുഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനു വേണ്ടി പുറത്തു വിട്ടിട്ടുണ്ട്. അതേസമയം ഗുഹയുടെ കൃത്യമായ സ്ഥാനം പുറത്തു വിടാതിരിക്കാനും ഗവേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സ്ഥലം തിരിച്ചറിഞ്ഞാല്‍ നിരവധി പേര്‍ ഇവിടേക്കെത്തുമെന്ന ആശങ്കയാണ് ഇതിനു കാരണം.
ഗുഹയുടെ ഉദ്ഭവം
ഒരു ഗുഹ രൂപപ്പെടാനുള്ള ഭൗമസാധ്യകള്‍ ഈ പ്രദേശത്തില്ല. അതുകൊണ്ട് തന്നെ ഈ ഗുഹയുടെ കണ്ടെത്തല്‍ ഇതിന്‍റെ രൂപപ്പെടലിനെക്കുറിച്ചും നിരവധി സംശയങ്ങളാണ് ഗവേഷകരില്‍ ഉണര്‍ത്തുന്നത്. ഗുഹയ്ക്കകത്തെ വെള്ളച്ചാട്ടം തന്നെയാകണം ഗുഹ രൂപപ്പെടാനുള്ള കാരണം എന്നതാണ് ഇവരുടെ പ്രാഥമിക നിഗമനം. മഞ്ഞുപാളികളില്‍ നിന്നുള്ള വെള്ളം ഒഴികിയെത്തി ഗര്‍ത്തത്തിലേക്കു വീണ് ആ ഗര്‍ത്തം വലുതായതാകാം എന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.
സെക്കന്‍റില്‍ ഏതാണ്ട് 15 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഗുഹയ്ക്കകത്തെ വെള്ളച്ചാട്ടത്തില്‍ നിന്നു പതിയ്ക്കുന്നത്. ഈ വെള്ളം ആഗാധതയിലേക്ക് ഒഴുകി പോവുകയാണ്. ലക്ഷണക്കണക്കിനു വര്‍ഷങ്ങളായി ഈ വെള്ളം വീഴുന്നത് ഗുഹയുടെ നിര്‍മ്മാണത്തിലേക്കു വഴിവച്ചിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു. പക്ഷെ അപ്പോഴും ഗുഹയിലേക്കെത്തുന്ന വെള്ളം എവിടേക്കൊഴുകി പോകുന്നു എന്ന ചോദ്യം ബാക്കിയാവുന്നു. ഇതിനു ഗവേഷകര്‍ നല്‍കുന്ന വിശദീകരണം ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു നദിയുടെ സാധ്യതയാണ്. ഗുഹാമുഖത്തു നിന്ന് ഏതാണ്ട് 2 കിലോമീറ്ററെങ്കിലും അടിയിലായി ഒരു നദിയുണ്ടാകാമെന്നാണു ഗവേഷകര്‍ കരുതുന്നത്.
ഇന്നും മനുഷ്യര്‍ക്കു കണ്ടെത്താനാകാത്തതും തിരിച്ചറിയാനാകാത്തതുമായ നിരവധി കാര്യങ്ങള്‍ ഭൂമിയിലുണ്ട് എന്നതിന്‍റെ തെളിവാണ് ഈ ഗുഹയുടെ കണ്ടെത്തലെന്നും ഹിക്സണ്‍ ഓര്‍മിപ്പിക്കുന്നു.
അടുത്തു തന്നെ ഗുഹയിൽ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുമെന്നും രഹസ്യങ്ങള്‍ ചുരുളഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം..
നന്ദി...
0 Comments