Header Ads Widget

Responsive Advertisement

എന്റെ ശവക്കുഴി തോണ്ടിയവനാണ് മാറഡോണ

ഒരു ഗോള്‍ തകര്‍ത്തു കളഞ്ഞ ജീവിതം. 


അത്രയ്ക്കൊന്നും പ്രശസ്തനായിരുന്നില്ല ബോഗ്ഡാന്‍ ഗണേവ് ഡോഷേവ് എന്ന ബള്‍ഗേറിയക്കാരന്‍. മൂന്ന് കൊല്ലം മുന്‍പ് തലസ്ഥാനമായ സോഫിയയില്‍ നിന്ന് ഏറെ അകലെയുള്ള കൊച്ചുവീട്ടില്‍ സ്വയം വിധിച്ച അജ്ഞാതവാസത്തിനൊടുവില്‍ കടുത്ത വിഷാദത്തോട് മല്ലിട്ടുതളര്‍ന്നു മരിച്ച ഡോഷേവിന് പക്ഷേ, എത്ര മായ്ച്ചാലും മായാത്തൊരു സ്ഥാനമുണ്ട് ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സ്വയംതീര്‍ത്ത ഇരുട്ടിന്റെ കൂട്ടില്‍ പെറ്റുപെരുകിയ കുത്തുന്ന ഓര്‍മകള്‍ മാത്രമല്ല, ആയുസ്സിലുടനീളം നെഞ്ചുനീറ്റി കാത്തുസൂക്ഷിച്ചൊരു അമൂല്യ വസ്തുകൂടി ബാക്കിവച്ചാണ് എണ്‍പതാം വയസ്സില്‍ ഡോഷേവ് യാത്രയായത്. പൊടിപിടിച്ചുതുടങ്ങിയിട്ടും നിറംമങ്ങാത്തൊരു ചിത്രം. മറ്റാരുടേതുമല്ല, അര്‍ജന്റീനയുടെ സ്വന്തം ഫുട്ബോള്‍ ദൈവം ഡീഗോ മാറഡോണയുടേത്. ഡീഗോയുടെ ആ ചിത്രത്തിനായിരുന്നില്ല, അതിന് പിറകില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോഷേവ് നീലമഷിയില്‍ കുത്തിക്കുറിച്ച വരികള്‍ക്കാണ് വില. ഡോഷേവിന്റെ ജീവിതത്തിന്റെ വില. 

'എന്റെ ശവക്കുഴി തോണ്ടിയവനാണ് മാറഡോണ' എന്ന് ഡീഗോയുടെ ചിത്രത്തിന് പിറകില്‍ വടിവൊത്ത ബള്‍ഗേറിയനില്‍ ഡോഷേവ് കുറിച്ചത് മുപ്പത്തിയൊന്ന് വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1986ല്‍. മെക്സിക്കോ സിറ്റിയുടെ അഭിമാനസ്തംഭമായ ആസ്റ്റക് സ്റ്റേഡിയത്തില്‍ ഡീഗോ മാറഡോണയെന്ന മാന്ത്രികനെ ഫുട്ബോള്‍ ദൈവമായി അരിയിട്ടുവാഴ്ച നടത്തിയ കൊല്ലം. അന്നത്തെ ആ ജൂണ്‍ ഇരുപത്തിരണ്ടിന് എസ്റ്റാഡിയോ ആസ്റ്റക്കില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഡീഗോ മാറഡോണയെന്ന വിസ്മയം നൂറ്റാണ്ടിന്റെ ഗോള്‍ വലയിലാക്കുന്നതിന് തൊട്ടരികില്‍ സാക്ഷിയായിരുന്നു ഡോഷേവ്. പക്ഷേ, ഡോഷേവിന്റെ തലവര മാറ്റിമറിച്ചത് ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിന്റെ അമ്പത്തിയഞ്ചാം മിനിറ്റില്‍ അഞ്ച് ഇംഗ്ലീഷ് പ്രതിരോധക്കാരെയും വന്‍മതിലായി ഉടലാര്‍ന്ന പീറ്റര്‍ ഷില്‍ട്ടനെയും നിഷ്പ്രഭമാക്കി ഡീഗോയിലെ ദൈവം കാലുകൊണ്ട് നേടിയ നൂറ്റാണ്ടിന്റെ ഗോളല്ല. അതിന് നാല് മിനിറ്റ് മുന്‍പ് ലോകത്തിന്റെയാകെ കണ്ണുവെട്ടിച്ച് മാറഡോണയിലെ ചെകുത്താന്‍ കൈകൊണ്ട് നേടിയ ഹാന്‍ഡ് ഓഫ് ഓഫ് ഗോഡ് ഗോളാണ്. പീറ്റര്‍ ഷില്‍ട്ടന്‍ എന്ന ആറടിക്കാരന്‍ അതികായനൊപ്പം ഉയര്‍ന്നു ചാടി അഞ്ചടി അഞ്ചിഞ്ചുകാരന്‍ മാറഡോണ പന്ത് കൈ കൊണ്ട് കുത്തി വലയിലാക്കുമ്പോള്‍ സൈഡ് ലൈനില്‍ കൊടിപിടിച്ച് നില്‍പ്പുണ്ടായിരുന്നത് ഡോഷേവായിരുന്നു. ഡോഷേവിന്റെ കൊടി അന്നൊന്ന് ഉയര്‍ന്നിരുന്നെങ്കില്‍ ഡീഗോ മാറഡോണയുടെയും അര്‍ജന്റീനയുടെയും കഥ മറ്റൊന്നാകുമായിരുന്നു. ചരിത്രവും. ഡോഷേവിന്റെ ആ നിസ്സംഗമൗനത്തിന് ഡീഗോയുടെ ഇതിഹാസപദവിയോളം, അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോളം തന്നെ വിലയുണ്ടെന്ന് സാരം.

വെറും നാലേനാലു മിനിറ്റ് കൊണ്ട് അവിശ്വസനീയമാംവണ്ണം തന്നെ മാറഡോണ തന്റെ പാപം കഴുകിക്കളഞ്ഞ് പുണ്യാളനായി. ഇതിഹാസമായി. ഫുട്ബോള്‍ ദൈവമായി. പക്ഷേ, ആസ്റ്റെക്കിലെ ഒന്നേകാല്‍ ലക്ഷത്തോളം വരുന്നവര്‍ നഗ്നനേത്രം കൊണ്ടും പലകുറി ആവര്‍ത്തിച്ച ടെലിവിഷന്‍ റീപ്ലേകളില്‍ വിഖ്യാത ബ്രിട്ടീഷ് കമന്റേറ്റര്‍മാരാരായ ജിമ്മി ഹില്ലും ബാരി ഡേവിസും പോലും കാണാതിരുന്ന ആ കള്ള കണ്‍കെട്ടുകളി കണ്ണില്‍ പെടാതെ പോയ ലൈന്‍സ്മാന്‍ ഡോഷേവിന് അത് മരണമായിരുന്നു. മെക്സിക്കന്‍ തിരമാലയ്ക്ക് തീ പടര്‍ത്തി ആസ്റ്റെക്കിലെ 'ഫോക്ലാന്‍ഡ്സ് യുദ്ധത്തില്‍' അര്‍ജന്റീന ഇംഗ്ലണ്ടിനെതിരേ ലീഡെടുത്തപ്പോള്‍ ടുണീഷ്യന്‍ റഫറി ബിന്‍ നാസര്‍ ആദ്യം ഓടിയെത്തിയത് ലൈന്‍ റഫറിയായിരുന്ന ഡോഷേവിന്റെ അടുക്കലേക്കാണ്. എന്നാല്‍, അചഞ്ചലനായിരുന്നു ഡോഷേവ്. ഓഫ് സൈഡാവുമെന്നായിരുന്നു ആദ്യ നിഗമനം. കള്ളക്കൈയിന്റെ കഥ വെളിച്ചത്തായത് പിന്നീടാണ്. പിറ്റേന്ന് മെക്സിക്കന്‍ ഫോട്ടോഗ്രാഫര്‍ അലസാന്‍ഡ്രോ ഒയേഡ
കര്‍ബാജയുടെ ചിത്രം വെളിച്ചം കണ്ടതിനുശേഷം മാത്രം. പക്ഷേ, ഇരുപത്തിയഞ്ച് അടി മാത്രം അകലെ കുമ്മായവരയില്‍ നിലയുറപ്പിച്ച ഡോഷേവ് രണ്ടും കണ്ടില്ല. കൊടി പൊക്കിയതുമില്ല. ബിന്‍ നാസര്‍ ഇംഗ്ലീഷകാരുടെ ബഹളത്തിനിടയിലൂടെ വിസിലൂതി ഗോള്‍ വിധിച്ചു.

ഇരുപത് വര്‍ഷം മുന്‍പ് ജര്‍മനിക്കെതിരായ വെംബ്ലി ഫൈനലില്‍ ലൈന്‍സ്മാന്‍ തോഫിക്ക് ബാഹ്രമോവിനു മേല്‍ പഴിചാരിയ സ്വിസ് റഫറി ഗോട്ട്ഫ്രൈഡ് ഡയന്‍സ്റ്റിന്റെ നോട്ടപ്പിശകില്‍ ജഫ് ഹേസ്റ്റ് നേടിയ വിഖ്യാത ഗോളും ലോകകിരീടവുമെല്ലാം മറന്ന ഇംഗ്ലീഷുകാര്‍ ബിന്‍ നാസര്‍ക്കും ഡോഷേവിനുമെതിരേ ആയുധം രാകിമിനുക്കി. ക്രൂരമായി തന്നെ ആക്രമണമഴിച്ചുവിട്ടു. വഞ്ചകന്‍ എന്നുവിളിച്ച് സ്വന്തം നാട്ടിലെ പത്രങ്ങള്‍ വരെ ഡോഷേവിനെ ക്രൂരമായി കല്ലെറിഞ്ഞു. അന്നുവരെ ബള്‍ഗേറിയയിലെ ഏറ്റവും വിഖ്യാതനായ റഫറിയെന്ന പെരുമ പേറിയിരുന്ന ഡോഷേവ് ഒരു നിമിഷാര്‍ദ്ധംകൊണ്ട് വില്ലനായി. അവമതിയുടെ പടുകുഴയിലേയ്ക്ക് പതിച്ചു. ഒരൊറ്റ രാത്രി കൊണ്ട് വെറുക്കപ്പെട്ടവനായി. ക്രമേണ വിസ്മൃതനുമായി. ശപിക്കപ്പെട്ട ആ അമ്പത്തിയൊന്നാം മിനിറ്റിന് ശേഷം ഫ്രഞ്ചും ഇംഗ്ലീഷും മാത്രമറിയാവുന്ന ബിന്‍ നാസറും ജര്‍മനും സ്പാനിഷും മാത്രമറിയാവുന്ന ഡോഷേവും തമ്മില്‍ മിണ്ടിയില്ല. ഡ്രസ്സിങ് റൂമില്‍ വച്ചുപോലും കണ്ണില്‍ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഡീഗോയുടെ കള്ളച്ചൂതില്‍ അന്ന് യുദ്ധം ജയിച്ച അര്‍ജന്റീന പിന്നീട് ബെല്‍ജിയത്തെയും ജര്‍മനിയെയും മറികടന്ന് ലോകചാമ്പ്യന്മാരായി. മാറഡോണയ്ക്ക് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ബോള്‍ സമ്മാനിച്ച ഫിഫ ക്വാര്‍ട്ടറിലെ ആ ഒരൊറ്റ പിഴവിന്റെ പേരില്‍ ഡോഷേവിന്റെ കരിയറിന് ചുവപ്പു കാര്‍ഡ് കാട്ടുകയായിരുന്നു. നാലു വര്‍ഷം മുന്‍പ് സ്പെയിനില്‍ പൗലോ റോസി ഹാട്രിക് നേടിയ പ്രശസ്തമായ ബ്രസീല്‍-ഇറ്റലി മത്സരത്തിലും ലൈന്‍സ്മാനായ ചരിത്രമുള്ള ഡോഷേവിന് പിന്നീട് ഒരൊറ്റ മത്സരത്തില്‍ പോലും റഫറിയുടെ കുപ്പായമണിയാനായില്ല. പിന്നെ ക്രമേണ കളിയില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമെല്ലാമകന്നു.  തലസ്ഥാനമായ സോഫിയ നഗരത്തിലെ വീട് ഉപേക്ഷിച്ച് ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ സ്വയം അജ്ഞാതവാസം വിധിച്ച് ഒതുങ്ങിക്കൂടി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമുണ്ടായിട്ടും സ്ട്രൈക്കറായി ബള്‍ഗേറിയന്‍ ദേശീയ ടീമിനുവേണ്ടി കളിച്ച പാരമ്പര്യമുണ്ടായിട്ടും ജോലിക്കൊന്നും ശ്രമിക്കാതെ വീട്ടില്‍ അടച്ചിരുന്ന് വിഷാദത്തിന്റെ ഇരുട്ടിലേയ്ക്ക് സ്വയം നടന്നിറങ്ങി. ലോകം മുഴുവന്‍ ഡീഗോ മാറഡോണയെന്ന ദൈവത്തെ ഹൃദയത്തില്‍ കുടിയിരുത്തിയപ്പോള്‍ ഡീഗോയെ നിത്യശത്രുവായി നെഞ്ചില്‍ മുദ്രകുത്തുകയായിരുന്നു ഇംഗ്ലീഷുകാര്‍ക്കൊപ്പം ഡോഷേവും. മരണം വരെ ആ പക കെടാതെ കാക്കുകയും ചെയ്തു. 'ഡീഗോ മാറഡോണയാണ് എന്റെ ജീവിതം തകര്‍ത്തത്. അയാള്‍ മികച്ചൊരു കളിക്കാരനായിരിക്കാം. പക്ഷേ, ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒരു ചെറിയ മനുഷ്യനാണ്'-പൊട്ടിത്തെറിച്ചുകൊണ്ടാണ് ഡോഷേവ് ഒരിക്കല്‍ പറഞ്ഞത്.

ലോകകപ്പിന്റെ സ്മരണികയായി ലഭിച്ച ചിത്രത്തില്‍ ഉള്ളുപൊള്ളിക്കൊണ്ട് അന്ന് കുറിച്ചതാണ് കുറിക്ക് കൊള്ളുന്ന ആ വരികള്‍. ആ രാത്രിയുടെ വേദന മരണം വരെ ഭര്‍ത്താവിനെ വേട്ടയാടിയിരുന്നുവെന്നാണ് ഡോഷേവിന്റെ ഭാര്യ എമിലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'ആ അഭിശപ്ത രാത്രിക്കുശേഷം എന്റെ ഭര്‍ത്താവ് എന്നോടൊരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കത് ദൈവത്തിന്റെ കൈയല്ല, മുഖത്തേറ്റ അടിയായിരുന്നു. നിങ്ങള്‍ ഒന്നും ചെയ്യേണ്ട എല്ലാം ഞാന്‍ നോക്കാം എന്നായിരുന്നു മത്സരത്തിന് മുന്‍പ് ബിന്‍ നാസര്‍ പറഞ്ഞിരുന്നത്. എന്തായാലും അയാളോടും മാറഡോണയോടും ഞാന്‍ ഒരിക്കലും പൊറുക്കില്ല'-ഒരഭിമുഖത്തില്‍ രോഷവും സങ്കടവും മറച്ചുവയ്ക്കാന്‍ പാടുപെട്ട് എമിലി പറഞ്ഞു.

പീറ്റര്‍ ഷില്‍ട്ടനൊപ്പം ചാടിയ മാറഡോണ പന്ത് കൈ കൊണ്ട് കുത്തുന്നത് താന്‍ വ്യക്തമായി കണ്ടുവെന്ന് ആറ് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഞെട്ടുന്നൊരു വെളിപ്പെടുത്തലും നടത്തിയിരുന്നു ഡോഷേവ്. അക്കാലത്തെ ഫിഫയുടെ നിയമം അനുസരിച്ച് ഒരു റഫറി ചോദിച്ചെങ്കില്‍ മാത്രമേ ലൈന്‍സ്മാന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതുളളൂവെന്നാണ് അന്നത്തെ ആ മൗനത്തിനുള്ള ഡോഷേവിന്റെ വിശദീകരണം. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനും എന്നോട് നിജസ്ഥിതി ആരായുന്നതിനും മുന്‍പ് തന്നെ റഫറി ഗോള്‍ വിധിച്ചുകഴിഞ്ഞിരുന്നു. ഞങ്ങള്‍ തമ്മില്‍ അന്ന് യാതൊരുവിധ ആശയവിനിമയവും നടന്നിരുന്നില്ല. പോരാത്തതിന് ബിന്‍ നാസര്‍ക്ക് തന്റെ മാതൃഭാഷയല്ലാതെ മറ്റൊന്നും വശമുണ്ടായിരുന്നില്ലതാനും-കുറ്റബോധം തെല്ലുമില്ലാതെ ഡോഷേവ് അന്നാ അഭിമുഖത്തില്‍ തന്റെ വിവാദമൗനത്തെ ന്യായീകരിച്ചു. ബിന്‍ നാസറിന്റെ പരിചയക്കുറവിനെതിരേ ഒളിയമ്പെയ്യാനും മറന്നിരുന്നില്ല അന്ന് ഡോഷേവ്. യൂറോപ്പില്‍ നിന്നുള്ള ഒരു റഫറിയെയായിരുന്നു ഫിഫ അന്ന് മത്സരം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതെങ്കില്‍ മാറഡോണയുടെ ആദ്യ ഗോള്‍ അനുവദിക്കപ്പെടില്ലായിരുന്നുവെന്ന ഡോഷേവിന്റെ ഗുരുതരമായ ആരോപണത്തിന് മാനങ്ങള്‍ പലതുമുണ്ടായിരുന്നു.

ഡോഷേവ് വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പടുകുഴിയിലേയ്ക്ക് വീണുകൊണ്ടിരുന്നപ്പോള്‍ കുറ്റബോധമേതുമില്ലാതെ ഹാന്‍ഡ് ഓഫ് ഗോഡും ഗോള്‍ ഓഫ് സെഞ്ചുറിയും ഒരുപോലെ ആഘോഷിച്ചുതിമര്‍ക്കുകയായിരുന്നു മാറഡോണ. ഒരു നിര്‍ദോഷ ഹാസ്യം പോലെയാണ് ഇംഗ്ലീഷുകാരുടെ ചങ്ക് തകര്‍ത്ത, ഡോഷേവിന്റെ ഭാവി തുലച്ച ആ ഗോളിനെ കുറിച്ച് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍, ഒരല്‍പം ദൈവത്തിന്റെ കൈയുണ്ടെന്ന് ഡീഗോ ചിരിച്ചുപറഞ്ഞു തള്ളിയത്. ഈ കള്ളഗോളിന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലുകളെ തെല്ലും കൂസിയതുമില്ല ജീവിതത്തിലുടനീളം ഡീഗോ. വഞ്ചനയല്ല, ഇത്തിരി കൗശലം മാത്രം എന്ന് പില്‍ക്കാലത്ത് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ എണ്‍പത്തിയാറിലെ സുവര്‍ണപാദുകക്കാരന്‍ ഗാരി ലിനേക്കര്‍ക്ക് മുന്നില്‍പോലും ശങ്കയേതുമില്ലാതെ ന്യായീകരണം നിരത്താന്‍ മടിച്ചതുമില്ല. ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു പിസ്സ റെസ്റ്റോറന്റില്‍ ഒരു ഡസനോളം വരുന്ന കൂട്ടുകാര്‍ക്കൊപ്പം വിലകൂടിയ മോയറ്റ് ആന്‍ഡ് ചാന്‍ഡമിന്റെയും പൈറ്റര്‍ ഹെയ്ഡ്സൈക്കിന്റെയും കേസ് കണക്കിന് കുപ്പികള്‍ പൊട്ടിച്ച് പുലരും വരെ കുടിച്ചുല്ലസിച്ച് കൂത്താടിക്കൊണ്ടാണ് ഡീഗോ ഈ വിവാദഗോളിന്റെ ഇരുപതാം വാര്‍ഷികം കൊണ്ടാടിയത്. അപ്പൊഴേയ്ക്കും ഡോഷേവ് കളിയില്‍ നിന്നു മാത്രമല്ല, കുടുംബത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുപോലും അകന്നുകഴിഞ്ഞിരുന്നു.

ഒരൊറ്റ മൗനം കൊണ്ട്, ഒരൊറ്റ കണ്ണടയ്ക്കല്‍ കൊണ്ട് തന്റെ കരിയറിനെ തന്നെ മാറ്റിമറിച്ച ഡോഷേവിനെ മാറഡോണ പിന്നീട് ഓര്‍ത്തതായി കേട്ടറിവില്ല. തന്റെ ഫോട്ടോയ്ക്ക് പിറകില്‍ ഡോഷേവ് കുത്തിക്കുറിച്ച ശാപവാക്കുകളെക്കുറിച്ച് കേട്ടിരിക്കാനും തരമില്ല. എന്നാല്‍, ഈ ആഘോഷങ്ങള്‍ക്കെല്ലാമിടയില്‍ ഡീഗോ ഓര്‍ത്തുവച്ചൊരാളുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തെ മുഴുവന്‍ പരിഹസിച്ചുകൊണ്ട് നെഞ്ചുവിരിച്ച് നന്ദിയോടെ സ്മരിച്ച ഒരാള്‍. അയാളെ തേടി, അയാളെ തേടി മാത്രം ബ്യൂണസ് ഏറീസില്‍ നിന്നും ടുണീസിലേയ്ക്ക് പറന്നു മാറഡോണ. ഡോഷേവിനൊപ്പം കളി നിയന്ത്രിച്ച, ഡോഷേവിനെപ്പോലെ തന്നെ തന്റെ കള്ളക്കൈയ്ക്കുനേരെ കണ്ണടച്ച ടുണീഷ്യക്കാരന്‍ റഫറി അലി ബിന്‍ നാസറെ കാണാന്‍ ചെല്ലുമ്പോള്‍ കുറ്റബോധമേതുമുണ്ടായിരുന്നില്ല ഡീഗോയ്ക്ക്. എഴുപത്തിയൊന്നാം വയസ്സില്‍ ടുണിസിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ബിന്‍ നാസറിന് ഒരു സമ്മാനവും കരുതിയിരുന്നു ഡീഗോ. എന്റെ ശാശ്വത സുഹൃത്തിന് എന്ന് ഹൃദയത്തില്‍ തൊട്ടെഴുതി കൈയൊപ്പിട്ട ഒരു നീല വരയന്‍ ജെഴ്സി. പ്രിയ താരത്തെ ആശ്ലേഷിച്ച ബിന്‍ നാസര്‍ തിരിച്ചും കൈമാറി ഒരു ചിത്രം. വിഖ്യാതമായ ക്വാര്‍ട്ടര്‍ഫൈനലിന് മുന്നോടിയായി താനും മാറഡോണയും ഇംഗ്ലീഷ് നായകന്‍ പീറ്റര്‍ ഷില്‍ട്ടണും മൈതാനമധ്യത്തില്‍ നില്‍ക്കുന്ന ചരിത്രനിമിഷം.
മാറഡോണ ബിൻ നാസറെ സന്ദ

വലിയ വിവാദത്തിനാണ് ഈ കൂടിച്ചേരല്‍ വഴിവച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഒന്നടങ്കം ഡീഗോയ്ക്കെതിരേ രംഗത്തുവന്നു. ഒരു കളങ്കത്തെ നിര്‍ലജ്ജം വെള്ളപൂശാനുള്ള ശ്രമമെന്ന് വിമര്‍ശനശരമെയ്തു. മുപ്പത് കൊല്ലം മുന്‍പ് എന്നത്തെപ്പോലെ ഇക്കുറിയും ഡീഗോ മാത്രം കുലുങ്ങിയില്ല. വിമര്‍ശനങ്ങളെ നെഞ്ചുവിരിച്ചു തന്നെ നേരിട്ട് ക്യാമറയ്ക്ക് മുന്നില്‍ ബിന്‍ നാസറെ പലകുറി മുറുക്കെ ആശ്ലേഷിച്ചുകൊണ്ടാണ് ഡീഗോ തിരിച്ചടിച്ചത്.

തന്റെ കരിയറിലെ മാത്രമല്ല, ലോക ഫുട്ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പിഴവിന്റെ സാക്ഷ്യപത്രമായിട്ടും ഡീഗോയ്ക്കൊപ്പമുള്ള പുനഃസമാഗമത്തില്‍ അഭിമാനം കൊള്ളുകയായിരുന്നു, ഡോഷേവിനെ പോലെ പിന്നീട് ഫിഫയുടെ മത്സരങ്ങളൊന്നും നിയന്ത്രിക്കാന്‍ അവസരം ലഭിക്കാതിരുന്ന, ബിന്‍ നാസര്‍. മൂലക്കുരുവിനുള്ള ചികിത്സ കാരണം അന്നത്തെ ക്വാര്‍ട്ടര്‍ഫൈനലില്‍ കാഴ്ചശക്തിക്ക് കുഴപ്പമുണ്ടായിരുന്നതുകൊണ്ട് മാറഡോണയുടെ വിവാദഗോള്‍ നേരാംവണ്ണം കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പരിഹാസ്യനായ നാസര്‍ തന്റെ ഡീഗോ ആരാധന പരസ്യമായി പ്രഖ്യാപിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയിരുന്നില്ല. ഡീഗോയുടെ ഹാന്‍ഡ് ഓഫ് ഗോഡ് തന്റെ പിഴവല്ലെന്ന് വാദിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിയതുമില്ല. അത് ഡോഷേവിന്റെ പിഴവാണെന്ന് പിന്നീടു നല്‍കിയ അഭിമുഖങ്ങളില്‍ ഓരോന്നിലും ബിന്‍ നാസര്‍ ആവര്‍ത്തിച്ചു. ഫിഫയുടെ അന്നത്തെ നിയമമനുസരിച്ച് സംഭവം ഏറ്റവും നന്നായി കാണാവുന്ന റഫറിയാണ് തീരുമാനം പറയേണ്ടത്. ഡോഷേവ് എന്തെങ്കിലും സൂചന തരുമെന്നാണ് ഞാന്‍ കരുതിയത്. അതിനാണ് കാത്തുനിന്നത്. എന്നാല്‍, അതുണ്ടായില്ല-ബിന്‍ നാസര്‍ പില്‍ക്കാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും മരുഭൂമിയില്‍ ഒട്ടകങ്ങളുടെ മത്സരം മാത്രം നിയന്ത്രിച്ചു പരിചയമുള്ളയാളെന്ന് ഡോഷേവ് പില്‍ക്കാലത്ത് ക്രൂരമായി പരിഹസിച്ച ബിന്‍ നാസര്‍ക്ക് തന്റെ പഴയ ലൈന്‍സ്മാന്റെ ഗതി വന്നില്ല. ഫിഫയുടെ മത്സരങ്ങളൊന്നും നിയന്ത്രിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടുണീഷ്യന്‍ ഫുട്ബോളിനെ പുനരുദ്ധരിക്കാനുള്ള സമിതിയില്‍ അംഗമായിരുന്നു റഫറീയിങ്ങില്‍ നിന്നു വിരമിച്ച നാസര്‍. മേമ്പൊടിയായി ജീവിത സായാഹ്നത്തില്‍ ഡീഗോ മാറഡോണയെന്ന ദൈവത്തിന്റെ ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയും.

അറിഞ്ഞും അറിയാതെയുമുള്ള വിഡ്ഡിത്തങ്ങള്‍ കൊണ്ട് വില്ലന്‍ വേഷമെടുത്തണിയുന്ന റഫറിമാരുടെ പരമ്പരയിലെ ആദ്യാവസാനക്കാരല്ല ബിന്‍ നാസറും ഡോഷേവും. പതിനാറ് കൊല്ലത്തിനുശേഷം വലിയ കോളിളക്കം സൃഷ്ടിച്ച മറ്റൊരു റഫറീയിങ് 'അബദ്ധത്തിന്' കൂടി സാക്ഷ്യം വഹിക്കേണ്ടിവന്നു ലോകകപ്പിന്. ഗമാല്‍ അല്‍ ഗാന്‍ഡറെന്ന ഈജിപ്ഷ്യന്‍ റഫറിയുടെ പിഴവിന് വില കൊടുക്കേണ്ടിവന്നത് കരുത്തരായ സ്പെയിനാണ്. ഗ്വാങ്ഷുവില്‍ അന്ന് ആയുസ്സ് നീട്ടിക്കിട്ടിയതാവട്ടെ ആതിഥേയരായ ദക്ഷിണ കൊറിയക്കും. ഇംഗ്ലീഷുകാരെപോലെയല്ല, ഗമാലിനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല സ്പാനിഷ് മാധ്യമങ്ങള്‍. പെനാല്‍റ്റി വിധിയെഴുതിയ മത്സരത്തിലെ മോറിയന്റസിന്റെ നിര്‍ണായകഗോള്‍ കണ്ടില്ലെന്നു നടിച്ച ഗമാലിന്റെ പിഴവിനെ വെറും നോട്ടപ്പിശുകുകളായി തള്ളിക്കളയാനും അവര്‍ ഒരുക്കമായിരുന്നില്ല. ഈ കണ്ണടയ്ക്കലിന് പ്രത്യുപകാരമായി ഗമാലിന് ഒരു കൊറിയന്‍ നിര്‍മിത ഹ്യുണ്ടായി കാര്‍ സമ്മാനമായി ലഭിച്ചുവെന്നുവരെ അവര്‍ ആരോപിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അന്നത്തെ ഫിഫ ഉപാധ്യക്ഷന്‍ ജാക്ക് ഹൊര്‍ഡാണ് ഈ കുംഭകോണത്തിന് കുടപിടിച്ചതെന്ന് മാര്‍ക്ക അച്ചുനിരത്തുക പോലും ചെയ്തു. ലോകത്തെ ഏറ്റവും മോശം റഫറിമാരില്‍ ഗമാലിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ച് കണക്കുതീര്‍ക്കുക കൂടി ചെയ്തു അവര്‍. ഈ ക്വാര്‍ട്ടര്‍ തോല്‍വിക്ക്  എട്ടാം കൊല്ലം ലോകകിരീടം നേടിക്കൊണ്ടായിരുന്നു സ്പെയിനിന്റെ പ്രായശ്ചിത്തം.

അതേ ലോകകപ്പില്‍ ദക്ഷിണ കൊറിയക്കുവേണ്ടി തന്നെ വില്ലന്‍ വേഷമെടുത്തണിഞ്ഞ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ഇക്വഡോറുകാരന്‍ ബൈറണ്‍ മൊറേനോ എന്ന ദുരന്തനായകന്‍. ഇറ്റാലിയന്‍ ആരാധകരുടെ എക്കാലത്തെയും കണ്ണിലെ കരട്. ദക്ഷിണ കൊറിയക്കാരുടെ ഫൗളിനോട് കണ്ണടയ്ക്കുകയും ഇറ്റലിക്കാര്‍ക്ക് കാര്‍ഡ് വാരിക്കോരി കൊടുക്കുകയും ടൊമ്മാസിയുടെ എക്സ്ട്രാ ടൈം ഗോള്‍ അനുവദിക്കാതിരിക്കുകയും ചെയ്ത മൊറേനെയെ എല്ലാ അര്‍ഥത്തിലും വേട്ടയാടിക്കൊണ്ടിരുന്നു ഇറ്റലിക്കാര്‍. ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം ന്യൂയോക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ച് ഹെറോയിനുമായി പിടിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ ശരിക്കും കൊണ്ടാടി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെ കടന്നുപോകുമ്പോഴും മൊറേനയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു ഇറ്റലിക്കാര്‍ ഒന്നടങ്കം.

വില്ലന്മാര്‍ രസംകൊല്ലികളായി റഫറിവേഷത്തില്‍ പിന്നെയും ഒരുപാട് വന്നുപോയി ലോകകപ്പിന്റെ ചരിത്രത്തില്‍. പക്ഷേ, ഇവരില്‍ നിന്നെല്ലം വേറിട്ടുനിന്നു ആസ്റ്റക്കിലെ ബിന്‍ നാസറും ഡോഷേവും. ഇവരുടെ അക്ഷന്തവ്യമായ അപരാധത്തിന് ഇംഗ്ലണ്ടിന് അന്ന് കൊടുക്കേണ്ടിവന്നത് അവരുടെ ജീവന്റെ വിലയാണ്. ഒരു ചരിത്രമാണ്. വിയോജിക്കുന്നവര്‍ ഏറെയുണ്ടാകാമെങ്കിലും ഒരര്‍ഥത്തില്‍ ചിന്തിച്ചാല്‍ ഇവരുടെ ആ പിഴവില്ലായിരുന്നെങ്കില്‍ ഒരേസമയം ദൈവവും ചെകുത്താനുമായുള്ള ഡീഗോ മാറഡോണയെന്ന ഇതിഹാസത്തിന്റെ പകര്‍ന്നാട്ടം ഉണ്ടാകുമായിരുന്നോ? ഈ പകര്‍ന്നാട്ടമില്ലെങ്കില്‍ ഡീഗോ മാറഡോണയും പെലെയും ലയണല്‍ മെസ്സിയും തമ്മില്‍ എന്ത് അന്തരം?

Post a Comment

0 Comments